ചിക്കാഗോ: പ്രവാസി ക്നാനായ കത്തോലിക്കരുടെ പ്രഥമദൈവാലയമായ തിരുഹൃദയദൈവാലയത്തിലൂടെ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാനും, പുതിയ സ്ഥലത്തേയ്ക്ക് മാറിയശേഷം പുതിയ ദൈവാലയത്തിൽ ആദ്യമായി നടക്കുന്ന പ്രധാന തിരുനാളിനായി ബെൻസൻവിൽ തിരുഹൃദയക്നാനായ കത്തോലിക്കാ ദൈവാലയം ഒരുങ്ങുകയാണ്. മെയ് 27മുതൽ30 വരെ തീയതികളിൽ വൈകുന്നേരം 6:30 മുതൽ ആരാധനയും തിരുഹുദയജപമാലയും ലദീഞ്ഞും ഉണ്ടായിരിക്കും. അതെത്തുടർന്ന് 7 മണിക്ക് വിശുദ്ധ കുർബാനയും തിരുഹൃദയനൊവേനയും നടക്കും. ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെ സജീവനേതൃത്വത്തിലായിരിക്കും ഈ ദിവസങ്ങളിലെ ശുശ്രൂഷകൾ ക്രമീകരിക്കപ്പെടുന്നത്.
മെയ്31 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് വികാരി ഫാ. തോമസ് മുളവനാൽ പ്രധാന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർത്തും. തുടർന്ന് ദൈവാലയത്തിൽ ലദീഞ്ഞും ഉണ്ടായിരിക്കും. അതേതുടർന്ന് ഇംഗ്ലീഷിൽ അർപ്പിക്കപ്പെടുന്ന വി.ബലിയിൽ ഫാ. മെൽവിൻ മംഗലത്ത് മുഖ്യകാർമികനായിരിക്കും. ഫാ. കെവിൻ മുണ്ടയ്ക്കൽ വചനസന്ദേശം നൽകും. ഇടവകയിലെ യുവജനങ്ങളുടെ പൂർണ്ണപങ്കാളിത്തത്തോടെയാണ് വെള്ളിയാഴ്ചത്തെ തിരുക്കർമങ്ങൾ നടക്കുന്നത്. ഇടവകയിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചെണ്ടമേളം തിരുന്നാളാഘോഷങ്ങൾക്ക് മോടി കൂട്ടും. മിഷൻലീഗിലെ കുഞ്ഞു മിഷനറിമാർ മിഷൻപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാനായി ഫുഡ് ഫെസ്റ്റും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.
ജൂൺ1 ശനിയാഴ്ച വൈകുന്നേരം 5മണിയ്ക്ക് മോർട്ടൺ ഗ്രോവ് സെ. മേരീസ് ക്നാനായ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വി.കുർബാന അർപ്പിക്കപ്പെടും. സെൻറ് തോമസ് രൂപതാ വികാരി ജനറാളും കത്തീഡ്രൽ ഇടവകവികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിൽ വചനസന്ദേശം നൽകും. മോർട്ടൻഗ്രോവ് സെ. മേരീസ് ക്നാറായ ഇടവക ദൈവാലയാംഗങ്ങളും ഗായകസംഘവും അന്നേദിവസത്തെ തിരുക്കർമങ്ങളിൽ സജീവസാന്നിദ്ധ്യമേകും. ബെൻസൻ വിൽ ഇടവകയിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ‘വിൽ നൈറ്റ്’ ശനിയാഴ്ചത്തെ മറ്റൊരു മുഖ്യ ആകർഷണമായിരിക്കും. വിൻസെൻറ് ഡി പോൾ അംഗങ്ങളായിരിക്കും അന്ന് ഫുഡ്ഫെസ്റ്റിന് നേതൃത്വം നൽകുന്നത്.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ റാസക്കുർബാന അർപ്പിക്കപ്പെടും. മിസുറിയിലെ സ്പ്രിങ്ഫീൽഡ് രൂപതയുടെ വികാരിജനറൽ ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാർമികനായിരിക്കും. ഫാ. റ്റോം കണ്ണന്താനം OFM Cap വചനസന്ദേശം നൽകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും വി. കുർബാനയുടെ ആശിർവാദവും ഉണ്ടായിരിക്കും. ലേലവും സ്നേഹവിരുന്നും തുടർന്ന് നടക്കും.
മരിച്ചുപോയവർക്കുവേണ്ടി പ്രാർത്ഥിക്കാനായി ജൂൺ3 ന് വൈകുന്നേരം 5 മണിക്ക് സെമിത്തേരിയിൽ ഒപ്പീസും തുടർന്ന് 7 മണിക്ക് ദൈവാലയത്തിൽ വികാരി ഫാ. തോമസ് മുളവനാലിൻറെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഇടവകാംഗങ്ങൾ തന്നെ പ്രസുദേന്തിമാരായി നടത്തുന്ന തിരുനാളിന് വികാരി ഫാ. തോമസ്മുളവനാൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.











