ഷിക്കാഗോ: ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ചിക്കാഗോയിലെ ബെന്‍സന്‍ വില്ലിലേയ്ക്ക് മാര്‍ച്ച് 16 ശനിയാഴ്ച മാറ്റി സ്ഥാപിക്കുകയാണ്.
ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിച്ച ആദ്യ ദൈവാലയമാണ് മെയ്വുഡ് സേക്രഡ് ഹാര്‍ട്ട് ദൈവാലയം. കൂടുതല്‍ സൗകര്യപ്രദമായ ബെന്‍സന്‍വില്ലിലേയ്ക്കുള്ള മാറ്റം അജപാലനശുശ്രൂഷയില്‍ ഗുണഗരമായ ഏറെ മാറ്റങ്ങള്‍ക്കുപകരിക്കുമെന്നാണ് ഇടവകസമൂഹം പ്രത്യാശിക്കുന്നത്. ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയില്‍ ഉണ്ടായിരുന്ന ബെന്‍സന്‍വില്‍ സെ. ചാള്‍സ് ബൊറോമിയോ ദൈവാലയമാണ് ചിക്കാഗോയിലെ ക്‌നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പൂതിയ ദൈവാലയമായി വാങ്ങിയത്. ഒട്ടേറെപ്പേരുടെ ത്യാഗപൂര്‍ണ്ണമായ സംഭാവനകളിലൂടെയാണ് ഈ ദേവാലയം വാങ്ങാന്‍ ഇടയാക്കിയത്.
പുതിയ ദേവാലയത്തിന്റെ പുനര്‍ കൂദാശാകര്‍മങ്ങള്‍ ഈ വരുന്ന മാര്‍ച്ച് 16 ശനിയാഴ്ച നടക്കുകയാണ്. ക്‌നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്‌സ് എന്നിവര്‍ പുനര്‍കൂദാശാകര്‍മങ്ങള്‍ക്ക് കാര്‍മ്മീകത്വം വഹിക്കും. ക്‌നാനായ റീജിയനിലെ വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള ഇതര ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ഈ സുമുഹൂര്‍ത്തത്തില്‍ സന്നിഹിതരാകും











