Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായ മിഷനുകളെ ശക്തിപ്പെടുത്താന്‍ കൂട്ടായ്മയോടെ മുന്നേറണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ക്നാനായ മിഷനുകളെ ശക്തിപ്പെടുത്താന്‍ കൂട്ടായ്മയോടെ മുന്നേറണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

268
0

ബര്‍മിംഗ്ഹാം (ലണ്ടന്‍) : വിശ്വാസത്തിലും കൂട്ടായ്മയിലും ക്നാനായ സമൂഹത്തിന്‍്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിച്ച് ലോകമെമ്പാടുമുള്ള ക്നാനായ മിഷനുകളെ ശക്തിപ്പെടുത്താന്‍ വൈദികരും അല്മായരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ക്നാനായ എപ്പിസ്കോപ്പല്‍ കോഓര്‍ഡിനേറ്റര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായ മിഷനുകളുടെ വളര്‍ച്ചയില്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഴ്വ് 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടനിലെ ക്നാനായ മിഷനുകളില്‍ വിശുദ്ധ കുര്‍ബാനയിലും മറ്റ് ആത്മീയ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സജീവമായ പങ്കാളിത്തം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിലവില്‍ ഇരുപത് ക്നാനായ മിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദികരുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതല്‍ വൈദികരെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൂടുതല്‍ വൈദികര്‍ എത്തുന്നതോടെ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന, വിശ്വാസപരിശീലനം, കൂദാശകളുടെ സ്വീകരണം എന്നിവ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലെ ക്നാനായ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികരുടെ ത്യാഗപൂര്‍വമായ സേവനത്തെ മാര്‍ ജോസഫ് പണ്ടാരശ്ശേരി അഭിനന്ദിച്ചു. ക്നാനായ മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കമ്മിറ്റി അംഗങ്ങള്‍, വിശ്വാസപരിശീലന അധ്യാപകര്‍ തുടങ്ങിയവര്‍ നല്‍കുന്ന നിസ്വാര്‍ത്ഥ സേവനത്തെയും അദ്ദേഹം പ്രശംസിച്ചു.അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ക്നാനായ മിഷനുകളുടെ വളര്‍ച്ചയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പതിനഞ്ച് മിഷനുകളും പ്രൊപ്പോസ്ഡ് മിഷനുകളും ഉണ്ടായിരുന്ന സാഹചര്യത്തില്‍നിന്ന് അഞ്ച് മിഷനുകള്‍ കൂടി രൂപപ്പെട്ടത് കൂട്ടായ പ്രവര്‍ത്തനത്തിന്‍്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ക്നാനായ സമൂഹത്തിന്‍്റെ ചരിത്രത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ അതിജീവിച്ച് സമൂഹം മുന്നോട്ടുപോയിട്ടുണ്ടെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ക്നാനായ വിശ്വാസസമൂഹത്തിന്‍്റെ സാന്നിധ്യം ശക്തമായ സാഹചര്യത്തില്‍, വിദേശരാജ്യങ്ങളിലെ ക്നാനായ മിഷനുകള്‍ അതത് സീറോ മലബാര്‍ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുമ്പോഴും കോട്ടയം അതിരൂപതയുമായുള്ള ബന്ധവും അജപാലനപരമായ ഏകോപനവും ശക്തമായി നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷിക്കാഗോ രൂപത, കാനഡയിലെ മിസിസാഗാ രൂപത, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപത, യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ എന്നിവിടങ്ങളിലെ ക്നാനായ മിഷനുകളെ ഏകോപിപ്പിക്കുന്നതില്‍ എപ്പിസ്കോപ്പല്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ക്നാനായ മിഷനുകളില്‍ കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തുകയും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും വിശ്വാസികളെയും കാണുകയും അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും ചെയ്യുമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. മിഷനുകളെ ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക, ഐക്യം ഉറപ്പാക്കുക എന്നിവയ്ക്കാണ് പ്രധാന പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ ക്നാനായ സമൂഹങ്ങള്‍ ലഭ്യമായ സഭാസംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കുടുംബമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തീരുമാനങ്ങള്‍ വൈദികരോടും മെത്രാന്മാരോടും അല്മായരോടും ആലോചിച്ചും കേട്ടും എടുക്കേണ്ടതാണെന്നും പരസ്പര സംഭാഷണത്തിനും സഹകരണത്തിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ക്നാനായ മിഷനുകളിലെ വൈദികര്‍ സഹകാര്‍മികരായിരുന്നു. സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സാജന്‍ ചാക്കോ സ്വാഗതം പറഞ്ഞു. മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര അധ്യക്ഷതവഹിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്‍്റ് ജാക്സന്‍ സ്റ്റീഫന്‍, മെറിന്‍ ഡെന്നിസ്, കിഷോര്‍ ബേബി, ജില്‍സ് നന്ദികാട്ട് എന്നിവര്‍ പ്രസംഗിച്ചു. കലാസന്ധ്യ ഉദ്ഘാടനം സ്റ്റീഫന്‍ ദേവസി നിര്‍വഹിച്ചു. വിവിധ ക്നാനായ മിഷനുകള്‍ അവതരിപ്പിച്ച കലാപരിപാടികളും സമ്മേളനത്തിന് മാറ്റുകൂട്ടി.

Previous articleസി.എം.എൽ വാർഷിക പൊതുയോഗവും 2026–27 പ്രവർത്തന വർഷ ഉദ്ഘാടനവും.
Next articleസ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Leave a Reply