ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: 16-ാമത് KCCNA കൺവെൻഷന്റെ രണ്ടാം ദിനത്തിൽ അരങ്ങേറിയ വർണാഭമായ ഘോഷയാത്ര വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും ഐക്യവും പ്രതിഫലിപ്പിച്ച അപൂർവ ദൃശ്യവിരുന്നായി മാറി. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നെത്തിയ 19 യൂണിറ്റുകൾ തനത് വേഷവിധാനങ്ങളോടും പതാകകളോടും ബാനറുകളോടും ആവേശത്തോടും കൂടി അണിനിരന്നപ്പോൾ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്റർ ആഘോഷ നിറവിലായി. രാവിലെ 8:30-ന് ആരംഭിച്ച ഘോഷയാത്രയിൽ ആദ്യം KCCNA പ്രസിഡന്റ് James ഇല്ലിക്കലിന്റ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ നേതൃത്വത്തിൽ കൺവെൻഷൻ കോർഡിനേറ്റർമാർ, വിവിധ ഉപസംഘടനകളുടെ ദേശീയ ഭാരവാഹികൾ, മുൻ KCCNA പ്രസിഡന്റുമാർ എന്നിവർ അണിനിരന്നു. തുടർന്ന് ഓരോ യൂണിറ്റുകളും തങ്ങളുടെ നഗരത്തിന്റെ അഭിമാനവും ക്നാനായ പൈതൃകവും വിളിച്ചോതിക്കൊണ്ട് പരേഡിൽ പങ്കെടുത്തു.

മയാമി, അറ്റ്ലാന്റ, കാൽഗറി, കാനഡ (KCAC), ഷിക്കാഗോ, ഡാളസ്–ഫോർട്ട് വർത്ത്, ഡെട്രോയിറ്റ്–വിൻഡ്സർ, എഡ്മന്റൺ, ഹൂസ്റ്റൺ, ക്നാനായ ജേക്കബൈറ്റ്, ലോസ് ആഞ്ചലസ്, മിന്നസോട്ട, ഗ്രേറ്റർ ന്യൂയോർക്ക്, ഫിലാഡൽഫിയ, സാക്രമെന്റോ, സാൻ അന്റോണിയോ, നോർത്ത് കാലിഫോർണിയ (സാൻ ഹൊസെ), വാഷിംഗ്ടൺ–ബാൾട്ടിമോർ, താമ്പാ എന്നീ യൂണിറ്റുകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കേരളത്തിന്റെ ഗ്രാമീണ പാരമ്പര്യവും ക്നാനായ സംസ്കാരത്തിന്റെ തനിമയും അനുസ്മരിപ്പിക്കുന്ന കൊഴയാത്രയുടെ (പാരമ്പര്യ ഘോഷയാത്രയുടെ) ശൈലിയിലാണ് യൂണിറ്റുകൾ അണിനിരന്നത്. ചെണ്ടമേളത്തിന്റെയും പാരമ്പര്യ വാദ്യമേളങ്ങളുടെയും അകമ്പടിയിൽ, കസവും മുണ്ടും സെറ്റുസാരിയും ഉൾപ്പെടെയുള്ള തനത് വേഷവിധാനങ്ങളിലായെത്തിയ പ്രതിനിധികൾ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. ക്നാനായ പതാകകളും യൂണിറ്റ് ബാനറുകളും പാരമ്പര്യ ചിഹ്നങ്ങളും ഘോഷയാത്രയ്ക്ക് കൂടുതൽ പ്രൗഢി പകർന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള പ്രതിനിധികൾ ഒരേ മനസ്സോടെ പങ്കെടുത്തത് ഘോഷയാത്രയുടെ പ്രത്യേകതയായി. വിവിധ യൂണിറ്റുകൾ തങ്ങളുടെ കലാപാരമ്പര്യവും കൂട്ടായ്മയും അച്ചടക്കവും മനോഹരമായി അവതരിപ്പിച്ചപ്പോൾ, കൺവെൻഷൻ വേദിയിൽ എത്തിയ നൂറുകണക്കിന് ആളുകൾ കരഘോഷത്തോടെയാണ് ഓരോ യൂണിറ്റിനെയും സ്വീകരിച്ചത്. “വടക്കേ അമേരിക്കയിൽ ജീവിച്ചാലും നമ്മുടെ വേരുകൾ മറക്കില്ല” എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ ഘോഷയാത്ര. പാരമ്പര്യവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറാനുള്ള ക്നാനായ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ശക്തമായ പ്രഖ്യാപനമായി ഈ ഘോഷയാത്ര മാറി.

ബൈജു ആലപ്പാട്ട്, KCCNA P.R.O.











