ന്യൂയോർക്ക്: അമേരിക്കൻ ക്നാനായ കത്തോലിക്കാ സമൂഹത്തിനും ന്യൂയോർക്കിലെ വിശ്വാസികൾക്കും ഒന്നുപോലെ ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തം സമാഗതമാകുന്നു. കോട്ടയം അതിരൂപതയുടെ വൈദികനായി ഡീക്കൻ മോസസ് പുത്തുപ്പള്ളി മ്യാലിൽ ജൂൺ 27-ാം തീയതി നവവൈദികനായി അഭിഷിക്തനാകുന്നു . ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന ദേവാലയത്തിൽ വെച്ച് നടക്കുന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് മുഖ്യകാർമികൻ ആയിരിക്കും. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് സഹകാർമ്മികനായിരിക്കുകയും, അന്നേ ദിവസത്തെ സന്ദേശം നൽകുകയും ചെയ്യും.

ദൈവവിശ്വാസത്തിൽ വളർന്ന ബാല്യം
കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നടന്ന ആദ്യ മലബാർ കുടിയേറ്റത്തിന്റെ ഭാഗമായി രാജപുരത്തേക്ക് കുടിയേറിയ പുത്തുപ്പള്ളി മ്യാലിൽ കുടുംബാംഗമാണ് ഡീക്കൻ മോസസ്. കേരള മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും റിട്ടയേർഡ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുമായിരുന്ന പി.കെ. സ്റ്റീഫന്റെയും ലൗലി സ്റ്റീഫന്റെയും നാല് മക്കളിൽ മൂന്നാമനായി 1993ഇൽ മോസസിന്റെ ജനനം. പിതാവ് പി.കെ. സ്റ്റീഫൻ മുരുങ്ങൂർ ധ്യാനകേന്ദ്രത്തിലെ അറിയപ്പെടുന്ന ഒരു സുവിശേഷ പ്രഘോഷകൻ കൂടിയായതിനാൽ, ദൈവവചനത്തിൽ അധിഷ്ഠിതമായ ഒരു ക്രിസ്തീയ അന്തരീക്ഷത്തിലാണ് മോസസ് വളർന്നത്. രാജപുരം ഫൊറോനയിലെ ചുള്ളിക്കര ഇടവകയിൽ ജനിച്ച്, അവിടെനിന്നും പ്രാഥമിക വിദ്യാഭ്യാസവും വിശ്വാസ പരിശീലനവും നേടിയ മോസസ്, പിന്നീട് പിതാവിന്റെ ജോലി സംബന്ധമായി കണ്ണൂരിലും എറണാകുളത്തുമായാണ് താമസിച്ചത്. എവിടെയായിരുന്നപ്പോഴും കോട്ടയം രൂപതയുടെ അതാത് ഇടവകകളിൽ സജീവമായി പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചെറുപ്പം മുതലേ വൈദികവൃത്തിയിലുണ്ടായിരുന്ന താല്പര്യം വളരുവാൻ ഈ അന്തരീക്ഷം ഏറെ സഹായകരമായി.
അമേരിക്കയിലേക്കുള്ള കുടിയേറ്റവും അചഞ്ചലമായ ദൈവവിളിയും
എറണാകുളത്ത് പ്ലസ് വൺ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോസസിന്റെ കുടുംബത്തിന് അമേരിക്കയിലേക്ക് കുടിയേറാനുള്ള അവസരം ലഭിക്കുന്നത്. അമ്മയുടെ സഹോദരി സാലി, ജെയിംസ് തോട്ടം ദമ്പതികൾ മുഖേനയായിരുന്നു ഇത്. തുടർന്ന് ന്യൂയോർക്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മോസസ്, എഞ്ചിനിയറിംഗ് സയൻസിൽ അസോസിയേറ്റ് ഡിഗ്രിയും ക്വീൻസ് കോളേജിൽ നിന്ന് ഫിസിക്സ്, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബാച്ചീലേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി.
അവസരങ്ങളുടെ ലോകമായ അമേരിക്കയിലെത്തിയ ശേഷവും വൈദികനാകണമെന്ന തന്റെ ആഗ്രഹത്തിൽ നിന്ന് മോസസ് ഒട്ടും വ്യതിചലിച്ചില്ല. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. ഒടുവിൽ പഠനശേഷം സെമിനാരിയിൽ ചേരാനുള്ള തീരുമാനം കോട്ടയം രൂപതയ്ക്ക് വേണ്ടിയാകണം എന്നുകൂടി അറിഞ്ഞപ്പോൾ ആ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി.
വൈദിക പരിശീലനത്തിന്റെ നാളുകൾ
ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഫൊറോന വികാരിയായിരുന്ന ഫാദർ ജോസ് തറക്കലച്ചന്റെയും ചിക്കാഗോ വികാരി ജനറൽ ഫാദർ തോമസ് മുളവനാലിന്റെയും മാർഗ്ഗനിർദ്ദേശത്തോടെ 2018-ൽ കോട്ടയം രൂപതയുടെ മൈനർ സെമിനാരിയിൽ ചേരാൻ മോസസ് ഇന്ത്യയിലേക്ക് തിരിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ഫിലോസഫി ബിരുദം നേടിയ ശേഷം, മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ പ്രത്യേക താല്പര്യംപ്രകാരം തുടർപഠനം ന്യൂയോർക്കിൽ തന്നെയാക്കുവാൻ അവസരമൊരുങ്ങി. അപ്രകാരം പ്രശസ്തമായ ന്യൂയോർക്ക് ഡൺവുഡി (Dunwoodie) സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ന്യൂയോർക്കിലെ പഠനകാലത്ത് ന്യൂയോർക്ക് ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ സജീവ സാന്നിധ്യമായിരുന്ന ഡീക്കൻ മോസസിന് അവിടുത്തെ വികാരിമാരുടെ പിന്തുണയും വലിയൊരു മുതൽക്കൂട്ടായി.
പ്രാർത്ഥനയോടെ വിശ്വാസസമൂഹം
ഏവർക്കും പ്രചോദനമേകുന്ന ഈ ദൈവവിളിയുടെ സാഫല്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഡീക്കൻ മോസസിന്റെ സഹോദരങ്ങളായ മൈക്കിൾ – ഭാര്യ ലിനു, മാനുവൽ – ഭാര്യ സ്റ്റെഫി, മരിയ – ഭർത്താവ് റെമി എന്നിവരും കുടുംബവും ഒപ്പമുണ്ടാകും. ഈ ചരിത്ര തിരുപ്പട്ട ശുശ്രൂഷയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ സമൂഹം. വികാരി ഫാ. പത്രോസ് ചമ്പക്കര യുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഏവരെയും സ്വാഗതം ചെയ്യാൻ ഇടവക ജനങ്ങൾ സുസ്സജ്ജമായി കഴിഞ്ഞു. ഈയൊരു വലിയ നാഴികക്കല്ല് അമേരിക്കയിലെ ക്നാനായ സമൂഹത്തിലെ യുവാക്കൾക്കും കുട്ടികൾക്കും വൈദികവഴിയിലേക്ക് കടന്നുവരാൻ വലിയൊരുപ്രചോദനമാകുമെന്ന പ്രതീക്ഷയോടെ, ആ ധന്യമുഹൂർത്തത്തെ വരവേൽക്കാൻ വിശ്വാസികൾ ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു.
ടോണി ആണ്ടുമാലിൽ











