ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ പൈതൃകം 2026 ഒരുക്കങ്ങൾ പൂർത്തിയായി
ജോസ് ഏബ്രഹാം ചക്കാലപറമ്പിൽ
ഫെബ്രുവരി മാസം 28-ന് സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവൻഷന്റെ മെയിൻ വേദിയായ വില്യം ഇംഗ്ലീസ് ഹോട്ടൽ സന്ദർശിച്ച് ഒരുക്കങ്ങൾ നേരിട്ടു കണ്ട് വിലയിരുത്തി.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വസിക്കുന്ന ക്നാനായ കത്തോലിക്കരുടെ പൊതു സംഘടനയായ ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ (KCCO) യുടെ കൺവൻഷൻ പൈതൃകം 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ രണ്ടു വർഷങ്ങൾ കൂടുമ്പോൾ നടത്തപ്പെടുന്ന കൺവൻഷൻ ഇപ്രാവശ്യം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഏപ്രിൽ 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നത്. ഹോട്ടൽ വില്യം ഇംഗ്ലീസ് ആണ് പ്രധാന വേദി. ഓഷ്യാനിയയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും 1700 ക്നാനായ കുടുംബാംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കും. എല്ലാവരുടെയും താമസ സൗകര്യത്തിനായി നാല് ഫൈവ് സ്റ്റാർ ഹോട്ടലുകൾ പൂർണ്ണമായും ബുക്ക് ചെയ്‌തു കഴിഞ്ഞു. ഈ പ്രാവശ്യത്തെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത് സിഡ്നി ക്നാനായ കത്തോലിക് അസോസിയേഷനാണ്. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയാണ് മുഖ്യാതിഥി. ക്നാനായ മിഷനുകളിലെ വൈദികരും ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബാബു പറമ്പത്ത് മലയിൽ തുടങ്ങി സമുദായ നേതാക്കളും പങ്കെടുക്കും.
എല്ലാ ദിവസവും ദിവ്യബലിയോടു കൂടി ആയിരിക്കും പരിപാടികൾ ആരംഭിക്കുന്നത്. ക്നാനായ പാരമ്പര്യവും സംസ്കാരവും തനിമയും വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന വിവിധ കലാപരിപാടികൾ, റാലി, സ്പോർട്സ്, ഗെയിംസ്, യുവജനങ്ങൾക്കായി Mr & Ms ക്നാനായ മത്സരം, കുട്ടികൾക്കായി Art Competition, മാതാപിതാക്കൾക്കായി സെമിനാറുകൾ തുടങ്ങി മൂന്നു ദിനരാത്രങ്ങൾ ഓഷ്യാനിയ ക്നാനായ മക്കൾക്ക് സിഡ്‌നിയിലെ കൺവൻഷൻ പൈതൃകം 2026 മനോഹരമാക്കും. ഈ കൺവൻഷന് നേതൃത്വം നൽകുന്നത് KCCO പ്രസിഡന്റ് ജോസ് ഏബ്രഹാം ചക്കാലപറമ്പിൽ കുറിപ്പാടം കാൻബറ, സിഡ്നി ക്നാനായ കത്തോലിക് അസോസിയേഷൻ പ്രസിഡന്റും കൺവൻഷൻ ചെയർമാനുമായ ബേബി ജോസഫ് പാറക്കുടിയിൽ അലക്സ്‌നഗർ എന്നിവർ നയിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ്.













