ഭിന്നശേഷി സംവരണ വിഷയത്തില്‍ നിയമനാംഗീകാരം തടയപ്പെട്ട പതിനേഴായിരത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിന് നടന്ന പ്രതിഷേധ ങ്ങളിലുയര്‍ത്തിയ ആവശ്യങ്ങള്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂര്‍വ്വം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന എക്‌സിക്യൂട്ടീവ് അപലപിച്ചു. എന്‍ എസ് എസ്-ന് നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ പറയുന്ന പ്രകാരം സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഏജന്‍സികള്‍ക്കും, നിയമനാംഗീകാരം നല്‍കാനുതകുന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പകരം, ഭിന്നശേഷി ഒഴിവുകള്‍ മാറ്റിവച്ച മാനേജ്‌മെന്റുകള്‍ക്കും നിയമനാംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന അറിയിപ്പ് സുപ്രീം കോടതിക്ക് നല്‍കാമെന്ന മുട്ട് ന്യായം, അസംബന്ധമാണെന്ന് സമിതി വിലയിരുത്തി. നിലവിലുള്ള സാഹചര്യത്തില്‍ ലളിതമായി പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി, നിയമനത്തിന് കൂടുതല്‍ കാലതാമസം വരുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രം, വിദ്യാഭ്യാസ – മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാര്‍ഥതയില്ലായ്മയായി മാത്രമേ കാണാനാകൂ. പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി , പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍, സര്‍ക്കാര്‍ കണ്ണു തുറക്കുന്നതു വരെ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകര്‍ നവം. 15 മുതല്‍ അതിശക്തമായ സമരമാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. ബിജു ജി, റോബിന്‍ മാത്യു, ജോണി സി എ ,ബിജു പി ആന്റണി, സി ജെ ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Home ഇന്ത്യൻ വാർത്തകൾ അധ്യാപകരുടെ നിയമനം സര്‍ക്കാര്‍ അട്ടിമറിച്ചു -കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്












