ഒക്ടോബർ 4 ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന യുകെ ക്നാനായ മിഷൻ കുടുംബസംഗമത്തിൽ പാട്ടിന്റെ പാലാഴി തീർക്കാൻ സമുദായത്തിലെ ഗായകപ്രതിഭകൾ ഒരുമിച്ച് ഒരേവേദിയിൽ അണിനിരക്കുന്ന ‘ക്നാനായ സിംഫണി മേളം 2025’ എന്ന സംഗീത പരിപാടി അണിയിച്ചൊരുക്കിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറെ നേടിയ ക്നാനായ സിംഫണി മേളം, ഇക്കുറിയും വാഴ്‌വിൻ്റെ പ്രധാന ആകർഷകങ്ങളിലൊന്നായിരിക്കും. ഭാവഗാനങ്ങളുൾപ്പെടുത്തിയുള്ള സിംഫണി മെലഡി റൗണ്ടും , ക്നാനായ പുരാതന പാട്ടുകൾ കോർത്തിണക്കിയ ട്രെഡിഷണൽ റൗണ്ടും ഫാസ്റ്റ് നമ്പറുകൾ ഉൾപ്പെടുത്തി വാഴ്‌വിൻ്റെ സമാപനം കുറിക്കുന്ന സിംഫണി ഫിനാലേ റൗണ്ടും ആണ് ഇത്തവണത്തെ പ്രത്യേകത.
യുകെയിലെ ക്നാനായ സമുദായാംഗങ്ങളായ മികച്ച ഗായകർ ഒരേ വേദിയിൽ ഒരുമിക്കുന്ന അസുലഭ മുഹൂർത്തമാണ് ബഥേലിൽ അരങ്ങേറുക, ആൽബങ്ങളിലും, ഗാനമേളകളിലും, ആഘോഷവേദികളിലും ശ്രുതി മധുരമായ ശബ്ദം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള, പ്രണവ് ജയിംസ്, സിജിൻ ഒളശ്ശ, ജോബിൻ കൈതാരം, റോയി മാത്യു, നീതു സനീഷ്, സൈറാ ജിജോ എന്നീ കലാകാരന്മാരാണ് ഇത്തവണ സിംഫണി മേളത്തിൽ പങ്കെടുക്കുന്നത്, അനർഗ്ഗളമായ സംഗീതത്തിന്റെ ശ്രുതിമധുരമായ ആലാപനം കൊണ്ടും സ്വരമാധുര്യം കൊണ്ടും യുകെ മലയാളികളുടെ മനം കവർന്ന പ്രതിഭകൾ വാഴ്‌വിൻ്റെ വേദിയിൽ സംഗീത സല്ലാപമൊരുക്കുന്ന ക്നാനായ സിംഫണി മേളമാണ് ഇക്കുറി വാഴ്‌വിനെത്തുന്നവരെ കാത്തിരിക്കുന്നത്. ഒപ്പം 15 യുകെ ക്നാനായ മിഷനുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരഞ്ഞെടുത്ത കലാപരിപാടികളും ഉണ്ടാവും .














