കോട്ടയം: നാടിന്റെ നട്ടെല്ലായ കര്‍ഷകരോടും വിദേശരാജ്യങ്ങളില്‍ പോയി ജോലി ചെയ്തു കഷ്ടപ്പെട്ട് നാടിനോടുള്ള വൈകാരികമായ ബന്ധത്തിന്റെ പേരില്‍ പിറന്ന മണ്ണില്‍ ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറായി വരുന്ന സംരംഭകരോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനം വളരെ വേദനാജനകമാണെന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകരെയും യുവ സംരംഭകരെയും കൂട്ടി വ്യവസായ പാര്‍ക്കും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഹൈടെക് അഗ്രികള്‍ച്ചറല്‍ പാര്‍ക്കും രൂപകല്‍പ്പന ചെയ്തുവരുന്ന ഈ കാലഘട്ടത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ നിരാശജനിപ്പിക്കുന്നതാണ്. പുതിയ ബിസിനസ് സംരംഭകരായ പ്രവാസികളോടും കൃഷിക്കാരോടുമുള്ള സര്‍ക്കാര്‍ സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്.
ബിസിനസ് സംരംഭം തുടങ്ങുവാന്‍ ആഗ്രഹിച്ചുവരുന്ന ആളുകളോടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് കാലോചിതമായി പരിഷ്‌കരിക്കേണ്ടതാണ്. അടുത്തകാലത്ത് മാഞ്ഞൂര്‍ പഞ്ചായത്തില്‍ 25 കോടി രൂപ മുതല്‍മുടക്കി പുതിയ സംരംഭം ആരംഭിച്ച പ്രവാസിയോടും അതിരമ്പുഴയിലെ പച്ചക്കറി വ്യാപാരിയോടും റോബിന്‍ ബസ്സുടമയോടുമുള്ള സര്‍ക്കാര്‍ നിലപാട് സംരംഭകരെ ആകര്‍ഷിക്കുവാന്‍ ഉതകുന്നതല്ല എന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാസമിതി കരുതുന്നു. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബേബിയും മുളവേലിപ്പുറത്ത്, ജോണ്‍ തെരുവത്ത്, ടോം കരികുളം, എം. സി കുര്യാക്കോസ്, ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.











