
ലണ്ടൻ (ഒന്റാറിയോ): കാനഡയിലെ ക്നാനായ കാത്തലിക് കോൺഗ്രസ് (KCC) വെസ്റ്റേൺ ഒന്റാറിയോയുടെ 2026-ലെ വാർഷിക പൊതുയോഗം നവംബർ 7 ശനിയാഴ്ച ലണ്ടനിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടനയുടെ അഭിമാന പദ്ധതിയായ ZIKHRONO സുവനീറിന്റെ കവർ പേജ് പ്രകാശനവും യോഗത്തിലെ പ്രധാന പരിപാടികളായിരുന്നു.
ZIKHRONO സുവനീറിന്റെ കവർ പേജ് SH പള്ളി വികാരി ഫാ. സജി ചാഴിശ്ശേരിൽ പ്രകാശനം ചെയ്തു. സുവനീറിലെ വിവിധ പേജുകളും ഉള്ളടക്കവും പരിചയപ്പെടുത്തുന്ന പ്രത്യേക വീഡിയോ അവതരണവും നടന്നു. ക്നാനായ സമുദായത്തിന്റെ ചരിത്രം, പൈതൃകം, പാരമ്പര്യങ്ങൾ, പ്രാർത്ഥനകൾ, അംഗങ്ങളുടെയും കുട്ടികളുടെയും സർഗാത്മക രചനകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സുവനീർ.
സുവനീറിന്റെ എഡിറ്റർമാരായ ഷിജോ സിറിയക് പീടികയിലിനെയും സിനു ബേബി മുളയാനിക്കലിനെയും സമർപ്പിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യോഗത്തിൽ ആദരിക്കുകയും അഭിനന്ദനോപഹാരങ്ങൾ നൽകുകയും ചെയ്തു. കഴിഞ്ഞ അധ്യയന വർഷം ഗ്രേഡ് 8, ഗ്രേഡ് 12 പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രണ്ടുവർഷത്തെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനു തമ്പി കോരപ്പള്ളിൽ കെസിസി പ്രസിഡന്റായും സുജിൽ സാബു തറപ്പേൽ വിമൻസ് ഫോറം പ്രസിഡന്റായും ജോഹാൻ ജെൻസൺ വെങ്ങാലിൽ KCYL പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷമായി സംഘടനയെ നയിച്ച പ്രസിഡന്റ് ഫെബി തൈക്കകത്തിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കും സമർപ്പണത്തിനും പൊതുയോഗം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
ZIKHRONO സുവനീറിന്റെ അച്ചടിപ്രവർത്തനങ്ങൾ ആരംഭിച്ചതായും അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ പ്രസിഡന്റ് യോഗത്തെ അറിയിച്ചു. പുതിയ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയോടെ വാർഷിക പൊതുയോഗം സമാപിച്ചു.











