Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വാഴ്‌വ് 2026 – യു.കെ. ക്നാനായ കത്തോലിക്കാ മിഷൻസ് കുടുംബസംഗമം – ഒരുക്കങ്ങൾ പൂർത്തിയായി

വാഴ്‌വ് 2026 – യു.കെ. ക്നാനായ കത്തോലിക്കാ മിഷൻസ് കുടുംബസംഗമം – ഒരുക്കങ്ങൾ പൂർത്തിയായി

156
0

യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി സ്ഥാപിതമായ 15 ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 26-ന്സംഘടിപ്പിക്കുന്ന നാലാമത് ക്നാനായ കുടുംബസംഗമമായ വാഴ്‌വ് 2026-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. യു.കെ.യിൽ ക്നാനായക്കാരുടെ നേതൃത്വത്തിൽ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും, കോട്ടയം അതിരൂപതയോട് ചേർന്നുനിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്‌വ്. “കരുണതൻ കരുതലായി വാഴ്‌വ്” എന്ന ആപ്തവാക്യം മുൻനിർത്തി, അർഹതപ്പെട്ട ഒരു ക്നാനായ കുടുംബത്തിന് ഭവനം നിർമ്മിച്ചുനൽകുന്നതിനും രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ വർഷത്തെ വാഴ്‌വ് 2026 പ്രത്യേക പ്രാധാന്യം നൽകുന്നത്. അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകൾ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ഈ വർഷത്തെ വാഴ്‌വിന്റെ പ്രത്യേകതകളാണ്.
യു.കെ.യിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളും മാസ്സ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസ–പാരമ്പര്യ–പൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്‌വിനെ യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായ മിഷൻ കോർഡിനേറ്റർ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്‌വ് 2026-ന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചത്.

യു.കെ.യിലെ നിരവധി മഹാസംഗമങ്ങൾക്ക് വേദിയായിട്ടുള്ള ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിലാണ് ഇത്തവണ വാഴ്‌വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. യു.കെ.യുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്. വാഴ്‌വ് 2026-ന്റെ ജനറൽ കൺവീനറായി സാജൻ ഈഴാറത്ത്, കൺവീനർമാരായി ബഹുമാനപ്പെട്ട ഫാ. ജോസ് തേകനിൽക്കുന്നതിൽ, ബഹുമാനപ്പെട്ട ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവരും ജോയിന്റ് കൺവീനറായി ജിൽസ് നന്ദികാട്ടും നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ മാസങ്ങൾക്കുമുമ്പുതന്നെ മികച്ച സംഘാടക മികവോടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പബ്ലിസിറ്റി കമ്മിറ്റിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ യു.കെ.യ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്നാനായ സമൂഹം വാഴ്‌വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പം, മധ്യസ്ഥപ്രാർത്ഥന (Intercession & Prayer) കമ്മിറ്റി ആറുമാസങ്ങൾക്കുമുമ്പുതന്നെ വാഴ്‌വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാർത്ഥനകൾ ആരംഭിച്ചിരുന്നു. യുവജനങ്ങൾക്കായി “യുവ വാഴ്‌വ്” എന്ന പേരിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്‌വിന്റെ പ്രധാന സവിശേഷതയാണ്.

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ ലീജൻ ഓഫ് മേരി അംഗങ്ങളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്‌വ് 2026-ന്റെ എൻട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടർന്ന് 15 മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും എൻട്രി പാസ് വിതരണോദ്ഘാടനങ്ങൾ സംഘടിപ്പിച്ചു.
വാഴ്‌വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാർച്ച് 13-ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് പകർന്നുനൽകിയ സ്നേഹദീപം 15 ക്നാനായ മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേർന്നിരുന്നു. പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേർന്നുനിന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിച്ച വാഴ്‌വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ വാഴ്‌വിനായി യു.കെ.യിലെ ക്നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബർ 26-നായി കാത്തിരിക്കുന്നത്. യു.കെ.യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ രീതിയിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ എൻട്രി പാസുകൾ ലഭ്യമാക്കുന്നതും വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും, അതോടൊപ്പം നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ചുനൽകുന്നതിനുള്ള കാരുണ്യപ്രവർത്തനവും ഈ വർഷത്തെ ഫിനാൻസ് & രജിസ്ട്രേഷൻ കമ്മിറ്റിയുടെ മികവിന് തെളിവാണ്.പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റർജി, പ്രോഗ്രാം, ക്വയർ, ഫുഡ്, ഹെൽത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാൻസ്‌പോർട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരുന്നു.

ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വൈവിധ്യമാർന്ന കലാപരിപാടികൾ, ക്നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകൾ, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്‌വ് 2026-നെ യു.കെ.യിലെ ക്നാനായ സമൂഹം ഇതിനോടകം ഹൃദയപൂർവം ഏറ്റെടുത്തുകഴിഞ്ഞു.യു.കെ.യിലെ ക്നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്‌വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാൽ സമ്പന്നമാണ്. ക്നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഈ വർഷത്തെ വാഴ്‌വിൽ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതൽ ആത്മീയ പ്രൗഢി പകരും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, കോട്ടയം അതിരൂപത KCYL പ്രസിഡന്റ് ജാക്സൺ മണപ്പാട്ട് എന്നിവരോടൊപ്പം യു.കെ.യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയിൽ അതിഥികളായി എത്തിച്ചേരും. സെപ്റ്റംബർ 26 യു.കെ.യിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്‌വ് എന്ന പേരിനെ അന്വർത്ഥമാക്കുംവിധം, പരിശുദ്ധ കുർബാനയുടെ ആരാധനയോടും ആശീർവാദത്തോടും കൂടി രാവിലെ 9.30-ന് പരിപാടികൾ ആരംഭിക്കും. രാവിലെ 10.00-ന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ, യു.കെ.യിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തോടെ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഉച്ചഭക്ഷണത്തിനുശേഷം പൊതുസമ്മേളനവും തുടർന്ന് യു.കെ.യിലെ വിവിധ മിഷനുകളിൽനിന്നുള്ള കലാപ്രതിഭകളുടെ മികവുറ്റ കലാപരിപാടികളും ക്നാനായ സിംഫണി മേളവും വേദിയിൽ അരങ്ങേറും. രാത്രി 8.00 മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീഴും. വിശ്വാസത്തിന്റെ ആഘോഷമായും, ക്നാനായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉണർത്തുപാട്ടായും, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായും മാറുന്ന വാഴ്‌വ് 2026-നായി യു.കെ.യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ 26-നെ വരവേൽക്കുന്നത്.

Zachariah Puthenkalam

Previous articleചിക്കാഗോ സെന്റ് മേരീസിൽ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു
Next articleഉഴവൂര്‍: വെട്ടുകല്ലേല്‍ മറിയക്കുട്ടി ഉതുപ്പാന്‍ | Live Funeral Telecast Available

Leave a Reply