Home അമേരിക്കൻ വാർത്തകൾ കെ.സി.സി.എന്‍.എ കണ്‍വന്‍ഷനെ വരവേൽക്കാം

കെ.സി.സി.എന്‍.എ കണ്‍വന്‍ഷനെ വരവേൽക്കാം

147
0

ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിൽ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷൻ, ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കത്തിന് എല്ലാവിധ ആശംസകളും ആദ്യമേ തന്നെ നേരുകയാണ്. കെ.സി.സി.എന്‍.എയുടെ വിശ്വാസ ദീപ്തമായ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ കണ്‍വെന്‍ഷന്‍. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹം എക്കാലത്തും വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും ശിരസിലേറ്റുന്നതാണ് തങ്ങളുടെ ദേശീയ മാമാങ്കമായ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍. ആ കൂട്ടായ്മയുടെ പതിനാറാമത്തെ വര്‍ണ വിസ്മയ വേദിയിയുടെ തിരശ്ശീല ഉയരുമ്പോള്‍ കെ.സി.സി.എന്‍.എ എന്ന ഈടുറ്റ സംഘടനയെപ്പറ്റിയും കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍ സംഘടിപ്പിച്ച പതിനഞ്ചു കണ്‍വന്‍ഷനുകളിലേക്കും ഒരോട്ടപ്രദക്ഷിണം നടത്തുന്നത് അഭികാമ്യവും പ്രസക്തവുമാണ്. വിട്ടുവീഴ്ചകളില്ലാതെ വംശശുദ്ധി മുറുകെപ്പിടിക്കുന്ന ഈ സമൂഹത്തിന് പകരമായി മറ്റൊന്നില്ലെന്നതു തന്നെ കാരണം.

ഈ പ്രബല സമുദായത്തിന്റെ രണ്ടാമത്തെ കുടിയേറ്റ ഭൂമികയായവടക്കേ അമേരിക്കയില്‍ ചിതറിക്കിടന്നിരുന്ന ക്‌നാനായ സഹോദരങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനും പൂര്‍വ്വികര്‍ കാത്തു സംരക്ഷിച്ചു പകര്‍ന്നു നല്‍കിയ മഹത്തായ വംശശുദ്ധി അഭംഗുരം പരിപാലിക്കുന്നതിനും തനിമയിലും ഒരുമയിലും വിശ്വാസത്തിലും മുന്നേറുവാനും പുതിയ തലമുറയെ ചേര്‍ത്ത് പിടിച്ച് നമ്മുടെ പൈതൃകവും വിശ്വാസവും പാരമ്പര്യ മൂല്യങ്ങളും അവരിലേക്ക് സന്നിവേശിപ്പിക്കുവാനും വേണ്ടി ഒരുപറ്റം ക്രാന്തദര്‍ശികളായ സമുദായ സ്‌നേഹികള്‍ 36 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അതായത് 1988-ല്‍ രൂപം കൊടുത്തതാണല്ലോ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന കെ.സി.സി.എന്‍.എ. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍ എന്നീ മൂന്ന് റീജിയണല്‍ അസ്സോസിയേഷന്‍ യൂണിറ്റുകളുമായി പ്രവര്‍ത്തനം ആരംഭിച്ച കെ.സി.സി.എന്‍.എ ഇന്ന് അമേരിക്കയിലും കാനഡയിലുമായി 21 പ്രബല യൂണിറ്റുകളിലായി മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു ബൃഹത് പ്രസ്ഥാനമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. കൂടാതെ കെ.സി.സി.എന്‍.എയുടെ ശക്തമായ തൂണുകളായ വിമന്‍സ് ഫോറം, കിഡ്‌സ് ക്‌ളബ്ബ്, കെ.സി.വൈ.എല്‍, യുവജനവേദി (K.C.Y.N.A) എന്നീ പോഷക സംഘടനകളും തികഞ്ഞ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചു വരുന്നു.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്‌നാനായ കണ്‍വെന്‍ഷന് ആദ്യമായി തിരിതെളിഞ്ഞത് 1986-ല്‍ ന്യൂയോര്‍ക്കിലാണ്. ക്‌നാനായ സമുദായത്തിന്റെ ഒരേയൊരു ഈറ്റില്ലമായ കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം ന്യൂയോര്‍ക്കില്‍ IKCC യുടെ നേതൃത്വത്തില്‍ 1986 ജൂലൈ 4 വാരാന്ത്യം ക്‌നാനായ സമൂഹത്തിന്റെ അവിസ്മരണീയമായ ഒരു കണ്‍വെന്‍ഷനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയ ക്‌നാനായ സമുദായത്തിലെ അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം അന്ന് ഉല്‍സാഹത്തിമിര്‍പ്പോടെ ഒത്തുകൂടി. 1993 ജൂലൈ 24-ന് ന്യൂയോര്‍ക്കില്‍ എല്ലാ ആര്‍ഭാടങ്ങളോടും കൂടി IKCC യുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ നടന്നു.

അതോടെ കെ.സി.സി.എന്‍.എ എല്ലാ അര്‍ത്ഥത്തിലും സജീവവും പ്രവര്‍ത്തനക്ഷമവുമാവുകയായിരുന്നു. കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ KCSന്റെ ആതിഥേയത്വത്തില്‍ 1996-ല്‍ കൊണ്ടാടി. കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനുകളാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയി വിജയകരമായി നടത്തികൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ മുന്‍കാല മാമാങ്കങ്ങള്‍ തന്നെ തെളിവ്. സംഘാടന മികവിന്റെ പര്യായമാണ് ഒരോ ദേശീയ കണ്‍വെന്‍ഷനും. നമ്മുടെ സമുദായത്തിന്റെ ഇഴയടുപ്പവും ഒരുമയും മറ്റാര്‍ക്കും അവകാശപ്പെടുവാനാവില്ലയെന്നത് ഒരു പ്രധാന കാരണമാണ്. കാലക്രമേണ കണ്‍വെന്‍ഷന്‍ കൂട്ടായ്മ്മയുടെ ഗുണങ്ങള്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം അനുഭവിച്ചറിഞ്ഞു. ഏതാനും രാവും പകലും ഒന്നിച്ചുകൂടി പരസ്പരം പരിചയപ്പെടാനും, പുതുക്കാനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സാധിക്കുന്ന ഇടങ്ങളാണ് കണ്‍വന്‍ഷന്‍ വേദികള്‍.

കൂടാതെ, അമേരിക്കയില്‍ വിവധകോണുകളിലായി, പല അകലങ്ങളിലായി ചിതറിക്കിടക്കുന്ന ബന്ധുമിത്രാദികളോടൊപ്പം ചിലവഴിക്കുവാനും പുതിയ സംസ്‌കാരത്തില്‍ വളരുന്ന തങ്ങളുടെ പുതുതലമുറയെ ഒന്നിച്ചു കൊണ്ടുവരുവാനും നമ്മുടെ സമുദായ പാരമ്പര്യങ്ങള്‍ പകര്‍ന്നു നല്‍കുവാനും കണ്‍വന്‍ഷനുകള്‍ ക്രിയാത്മക പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. 1999-ല്‍ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തോലിക് സൊസൈറ്റിയുടെ ആതിഥേയത്തില്‍ സംഘടിപ്പിച്ച നാലാമത് കണ്‍വെന്‍ഷന്‍ ആദ്യമായി ഇന്നത്തെ രൂപത്തില്‍ ഒരു സമ്പൂര്‍ണ കണ്‍വെന്‍ഷനായി ഹൂസ്റ്റണിലെ മേജര്‍ ഹോട്ടല്‍ സമുച്ചയത്തില്‍ (റിനൈസന്‍സ്) നടത്തപ്പെട്ടു. ഒരു നവ്യാനുഭവം പകര്‍ന്നുനല്‍കിയ കണ്‍വെന്‍ഷനായിരുന്നു ഇത്. 2002-ല്‍ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡയിലും അതിനുശേഷം എല്ലാ രണ്ടു വര്‍ഷത്തിലും തുടര്‍ച്ചയായി കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു.

2004-ല്‍ ആദ്യമായി അമേരിക്കക്കു പുറത്ത് കാനഡയിലെ ടോറോന്റോയില്‍ വച്ച് ആറാമത്തെ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു. 2006-ല്‍ സാന്‍ഹൊസെയും 2008-ല്‍ ന്യൂജേഴ്‌സിയും 2010-ല്‍ ഡാളസും വര്‍ണാഭമായ കണ്‍വെന്‍ഷനുകള്‍ക്ക് ആതിഥേയത്വം വഹിച്ചു. 2012-ല്‍ പത്താമത്തെ കണ്‍വെന്‍ഷന്‍ കെ.സി.സി.എന്‍.എ നേരിട്ട് ഫ്‌ലോറിഡയിലെ ടാമ്പയില്‍ നടത്തി. 2014-ല്‍ ചിക്കാഗോയും 2016-ല്‍ ഹൂസ്റ്റണും 2018-ല്‍ ചിക്കാഗോയും വേദികളായി. കോവിഡ് മഹാമാരി മൂലം 2020-ലെ കണ്‍വെന്‍ഷന്‍ ഉപേക്ഷിക്കേണ്ടി വന്നു. കോവിഡിന് ശേഷം 2022-ല്‍ ഇന്ത്യനാപോളിസില്‍ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ നേരിട്ട് വിജയകരമായി നടത്തി. ക്‌നാനായ യൂണിറ്റ് ഇല്ലാത്ത ഒരു സംസ്ഥാനത്ത് കെ.സി.സി.എന്‍.എ സംഘടിപിച്ച സംഗമം എന്ന നിലയില്‍ 2022-ലെ ഇന്‍ഡ്യനാപോളിസ് കണ്‍വെന്‍ഷന്‍ ചരിത്രതാളുകളില്‍ വേറിട്ട് നില്‍ക്കുന്നു. 2024-ൽ ടെക്സസിലെ സാൻ ആന്റോണിയോ എന്ന കൊച്ചു യൂണിറ്റ് ആഥിതേയത്ത്വം വഹിച്ചു ഷാജി എടാട്ടിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടത്തിയ സാൻ ആന്റോണിയോ കൺവെൻഷൻ സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ട് ചരിത്രത്തിൽ ഇടം നേടി.

മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഈ വലിയ രാജ്യത്ത് കുടിയേറിയിരിക്കുന്ന നമ്മളോരുത്തര്‍ക്കും ജീവത തിരക്കുള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും ഇടയില്‍ കണ്‍വെന്‍ഷനുകള്‍ എല്ലായിപ്പോഴും നല്‍കുന്നത് ഊഷ്മളമായ അനുഭവങ്ങളാണ്. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന യുവദമ്പതികളില്‍ പലരും മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊക്കെ കണ്‍വെന്‍ഷനുകളിലെ കണ്ടുമുട്ടലുകളില്‍ നിന്നും കൈപിടിച്ചൊന്നായ സ്‌നേഹബന്ധങ്ങളാണല്ലോ. മറ്റൊരു കണ്‍വന്‍ഷിനിലേക്ക് ആവേശപൂര്‍വ്വം ഓടിയെത്തിയിരിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും പുതിയ വെല്ലുവിളികളുടെ ലോകത്തു നമ്മുടെ സമുദായത്തിന്റെ കെട്ടുറപ്പും ഇഴയടുപ്പവും വീണ്ടും വളരെ ശക്തിയോടെ വിവേകത്തോടെ ചേര്‍ത്തുപിടിക്കുവാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.

നാലായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന നാലു രാവും പകലും നീണ്ടു നില്‍ക്കുന്ന ഇത്രയും വലിയ കണ്‍വെന്‍ഷന്‍ ഒരുക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ആതിഥേയ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നൂറു കണക്കിന് കമ്മറ്റി അംഗങ്ങള്‍ ആയിരകണക്കിന് മണിക്കൂറുകള്‍ ഇതിന്റെ തയ്യാറെടുപ്പിന് വേണ്ടി കാലാകാലങ്ങളില്‍ ചിലവഴിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തോടുള്ള അവരുടെ ആത്മാര്‍മായ സ്‌നേഹത്തിനും അര്‍പ്പണത്തിനും ഒരു പൂച്ചെണ്ട് നല്‍കട്ടെ.

മഹാരഥന്മാരുടെ കാലടിപ്പാടുകളോട് ചേര്‍ന്നൊട്ടി നിന്നുകൊണ്ട് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ കടന്നുപോയ കുന്നുകളും താഴ്വാരങ്ങളും കാണുമ്പോള്‍ അമേരിക്കയില്‍ കുടിയേറിയ ഒരു അനുഗ്രഹീയ ക്‌നാനായക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. അവിടെനിന്നു ഭാവിയിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇതുപോലുള്ളതും ഇതിലും മെച്ചപ്പെട്ടതുമായ ആഗോള ക്‌നാനായ സംഗമങ്ങള്‍ ചക്രവാള സീമയില്‍ തെളിഞ്ഞു കാണുവാന്‍ മനസുകൊണ്ട് ആഗ്രഹിക്കുന്നു. ഓഗസ്റ്റ് 9-ാം തീയതി ഞായറാഴ്ച കണ്‍വെന്‍ഷന് കൊടിയിറങ്ങി പിറ്റേന്ന് ഇവിടെ നിന്നും മടങ്ങി വീണ്ടും നമ്മുടെ നിത്യജീവിത തിരക്കുകളിലേയ്ക്കും കൃത്യാന്തരബാഹുല്യങ്ങളിലേയ്ക്കും പോകുമ്പോള്‍ നമ്മള്‍ കഴിഞ്ഞ നാലു രാപകലുകള്‍ അടുത്തിടപെഴകി നേടിയ പുതിയതും പഴയതുമായ സൗഹൃദങ്ങളോട് ”ഗുഡ് ബൈ” പറയാതെ ”ഉടനെ വീണ്ടും കാണാം” എന്നാശംസിച്ച് താത്കാലികമായി വിട ചൊല്ലുവാന്‍ കഴിയുമാറാവട്ടെ.

ബൈജു ആലപ്പാട്ട് കെ.സി.സി.എന്‍.എ പി.ആര്‍.ഒ & ഡാളസ് പ്രസിഡന്റ്

Previous articleകരിങ്കുന്നം: തോമസ് കണിയാലില്‍
Next articleചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 2 മുതൽ 9 വരെ

Leave a Reply