Home അമേരിക്കൻ വാർത്തകൾ ആഫ്രിക്കൻ മണ്ണിൽ കരുതലിന്റെ കരങ്ങൾ നീട്ടി ചിക്കാഗോയിലെ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് !

ആഫ്രിക്കൻ മണ്ണിൽ കരുതലിന്റെ കരങ്ങൾ നീട്ടി ചിക്കാഗോയിലെ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് !

256
0

ചിക്കാഗോ: ജന്മദിനം വ്യക്തിപരമായ ആഘോഷത്തിൽ മാത്രം ഒതുങ്ങാതെ, ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്ന കാരുണ്യപ്രവർത്തനമാക്കി മാറ്റുകയാണ് ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ CML യൂണിറ്റ്. “Share with Joy , Prayer with care “Birthday Charity Project-ന്റെ ഭാഗമായി, ജൂലൈ മാസത്തിൽ ജന്മദിനം ആഘോഷിച്ച അംഗങ്ങളുടെ സ്നേഹസമർപ്പണം ഇത്തവണ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ എംഗൊലൊലെ അനാഥാലയ കേന്ദ്രത്തിലെ കുട്ടികൾക്കാണ് സമർപ്പിച്ചത്. 1937-ൽ ടാൻസാനിയയിലെ മൊറോഗോറോയിൽ സ്ഥാപിതമായ എംഗൊലൊലെ അനാഥാലയ കേന്ദ്രം രാജ്യത്തെ ഏറ്റവും പഴക്കമേറിയ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (CICM) സിസ്റ്റേഴ്സ് നയിക്കുന്ന ഈ സ്ഥാപനം നൂറിലധികം അനാഥരും നിരാലംബരുമായ കുട്ടികൾക്ക് സുരക്ഷിതമായ താമസവും പോഷകസമൃദ്ധമായ ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും വസ്ത്രവും മാനസിക പിന്തുണയും നൽകി അവരുടെ ജീവിതത്തിന് പുതിയ പ്രത്യാശയും ദിശയുംപകർന്നുനൽകിക്കൊണ്ടിരിക്കുകയാണ്.ജന്മദിനത്തിന്റെ സന്തോഷം ലോകത്തിന്റെ മറുഭാഗത്തുള്ള കുഞ്ഞുങ്ങളുടെ പുഞ്ചിരിയായി മാറുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർഥ അർഥം കൈവരുന്നതെന്ന സന്ദേശമാണ് “Share with Joy , Prayer with care “ Birthday Charity Project സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്. അതിരുകളും ഭൂഖണ്ഡങ്ങളും ഭാഷകളും സംസ്കാരങ്ങളും മനുഷ്യരെ വേർതിരിച്ചാലും സ്നേഹത്തിനും കരുണയ്ക്കും അതിരുകളില്ലെന്ന സന്ദേശത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ കാരുണ്യസമർപ്പണം.

ടാൻസാനിയയിലെ എംഗൊലൊലെ അനാഥാലയ കേന്ദ്രത്തിൽ ജൂലൈ 14-ന് നടന്ന കാരുണ്യാഘോഷങ്ങൾക്ക് CML യൂണിറ്റിന്റെ അഭ്യുദയകാംക്ഷകനും പിന്തുണക്കാരനുമായ ഫാ. ഫിൽബർട്ട് നേതൃത്വം നൽകി. ചിക്കാഗോയിലെ സൈനിക ആശുപത്രിയിൽ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്ന ഫാദർ ഫിൽബർട്ട് തൻറെ മിഷ്യൻ പര്യടന വേളയിൽ
സെൻമേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന് വേണ്ടി എംഗൊലൊലെ അനാഥാലയ കേന്ദ്രം സന്ദർശിക്കുകയും അനാഥാലയത്തിലെ കുട്ടികളോടൊപ്പം ജന്മദിനാഘോഷവും പ്രാർത്ഥനയും പങ്കുവെച്ച് സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം നൽകുകയും എല്ലാ കുട്ടികൾക്കും ജന്മദിന സമ്മാനങ്ങളും അതുപോലെ അവർക്കുവേണ്ടി ദൈനംദിന ഭക്ഷണ ധാന്യ സാമഗ്രികൾ അദ്ദേഹം കൈമാറുകയും ചെയ്തു.ജൂലൈ മാസത്തിൽ ജന്മദിനം ആഘോഷിച്ച എല്ലാ അംഗങ്ങളുടെയും ഉദാരമായ പങ്കാളിത്തവും പ്രാർത്ഥനയും ഈ പദ്ധതിക്ക് കരുത്തായി. ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജൂലൈ 19-ന് വികാരി ഫാ. സിജു മുടക്കോടിലിന്റെ മുഖ്യകാർമികത്വത്തിൽ ജൂലൈ മാസത്തിലെ ജന്മദിനാഘോഷക്കാരുടെ പ്രത്യേക അനുഗ്രഹ ശുശ്രൂഷയും നടത്തി. ഒരു കുട്ടിയുടെ ജീവിതത്തിൽ നാം പങ്കുവെക്കുന്ന സ്നേഹവും കരുതലും അവരുടെ ഭാവിയെ പ്രകാശിപ്പിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് എന്ന സന്ദേശം ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്, വരും മാസങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അർഹരായ കുഞ്ഞുങ്ങളിലേക്കും സഹായഹസ്തം നീട്ടുന്ന കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ CML യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ജൂലൈ മാസത്തിലെ ഈ കാരുണ്യദൗത്യത്തിന് പിന്തുണ നൽകിയ എല്ലാ ജന്മദിനാഘോഷക്കാർക്കും ദാതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ CML യൂണിറ്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. 2025 ഒക്ടോബറിൽ തുടക്കം കുറിച്ച ഈ പദ്ധതിയുടെ സമാപനം 2026 സെപ്റ്റംബർ അവസാനം കോട്ടയം പുന്നത്തറയിൽ സ്ഥിതി ചെയ്യുന്ന മാർ മാക്കിൽ ബാലിക ഭവനിൽ വച്ച് നടത്തപ്പെടും. ഇടവക വികാരി ഫാദർ സിജു മുടക്കോടിന്റെയും സിഎംഎൽ സ്പിരിച്ചൽ ഡയറക്ടർ അനീഷ് മാവേലി പുത്തൻപുര യുടെയും മാർഗ്ഗനിർദ്ദേശത്തിൽ ഈ പദ്ധതിയുടെ ഏകോപനം CML യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ സുഗമമായി നടത്തിക്കൊണ്ടുപോരുന്നു.

Previous articleഫാ. ജോൺസൺ നീലനിരപ്പേലിനെ ആദരിച്ചു
Next articleകല്ലറ: പൗവ്വത്ത് പി. സി. ജോസഫ്

LEAVE A REPLY