കൂടല്ലൂര്‍: വിശ്വാസവിരുന്നിന്റെ സമാപനദിനം കൂടല്ലൂര്‍ സെന്റ് മേരീസ് വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ ഗ്രാമവഴികളിലൂടെ ലഹരിവിരുദ്ധ റാലി നടത്തി. വിദ്യാര്‍ത്ഥികളോടൊപ്പം മതാദ്ധ്യാപകരും മാതാപിതാക്കളുടെ പ്രതിനിധികളും റാലിയില്‍ പങ്കു ചേര്‍ന്നു. തെരുവുനാടകം, നൃത്തം, സംഗീതം, ലഹരിവിരുദ്ധസന്ദേശം, കവിത, ദൈവവചന സന്ദേശം, വചനം പറച്ചില്‍ എന്നിവ കോര്‍ത്തിണക്കിയാണ് പ്രോഗ്രാം ക്രമീകരിച്ചത്. പടിഞ്ഞാറെ കൂടല്ലൂര്‍, കടപ്ലാമറ്റം, കിടങ്ങൂര്‍, കിഴക്കേകൂടല്ലൂര്‍ കവലകളിലാണ് പ്രോഗ്രാം നടത്തിയത്. കവലകളില്‍ പ്ലക്കാര്‍ഡുകളും കയ്യിലേന്തി മുദ്രാവാക്യം വിളിച്ചും ദൈവവചനം പറഞ്ഞുമാണ് കുട്ടികള്‍ വേദിയിലെത്തിയത്. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ലഹരിയുടെ വിവിധ രൂപഭാവങ്ങള്‍ കടന്നുവരുമ്പോള്‍ അവയുടെ അപകടങ്ങളും ചതിക്കുഴികളും സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ഈ പരിപാടി സഹായിച്ചു. ഒപ്പം, യേശുവും സുവിശേഷവുമാണ് മനുഷ്യഹൃദയങ്ങളില്‍ പ്രത്യാശയും ആനന്ദവും നല്കുന്നതെന്ന സദ്‌വാര്‍ത്ത ഈ ഉദ്യമം വഴിയൊരുക്കി. പ്രോഗ്രാമിനു മതാദ്ധ്യാപകരും വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളും നേതൃത്വം നല്കി.











