ഉഴവൂർ: സെൻറ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ *ഉഴവൂർ സിനിവേഴ്സ്* – ഒന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സുപ്രസിദ്ധ സിനിമ നിർമാതാവ് ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം അലക്സാണ്ടർ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മലയാള സിനിമ നിർമ്മാണ രംഗത്ത് പ്രാരംഭകാലം മുതൽക്കുള്ള നിറസാന്നിധ്യമായ ശ്രീ. ജോയ് തോമസ് (ജൂബിലി പ്രൊഡക്ഷൻസ്), കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറിയും ഫെസ്റ്റിന്റെ ക്യൂറേറ്ററുമായ ശ്രീ. മാത്യു ഓരത്തേൽ, പ്രിൻസിപ്പൽ അഡ്വൈസർ ഫാ. ജേക്കബ് തടത്തിൽ, കോളേജ് ബർസാർ ഫാ. എബിൻ എറപ്പുറത്ത്, ഫെസ്റ്റിന്റെ കൺവീനറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. നവിത എലിസബത്ത് ജോസ്, ജോയിൻറ് കൺവീനർമാരായ ഫാ. ബെന്നി തോമസ് ചേരിയിൽ, നിയ മാത്യു എന്നിവർ സംസാരിച്ചു.

ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനവും, ലോഗോ-ക്യാപ്ഷൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.കൾച്ചറൽ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, മീഡിയ സ്റ്റഡീസ് എന്നിവ സംയോജിപ്പിക്കുന്ന വ്യത്യസ്തമായ രണ്ട് ഡിഗ്രി പ്രോഗ്രാമുകൾ നടത്തുന്ന ഇംഗ്ലീഷ് വിഭാഗത്തിൻറെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കാരമാണ് ഈ ഫെസ്റ്റിവൽ. അന്തർദേശീയ നിലവാരത്തിലുള്ള സിനിമകളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും വിദ്യാർഥികളെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനും അതുവഴി സജീവമായ ഒരു സിനിമാ സംസ്കാരം വളർത്തുവാനും ഈ ഫെസ്റ്റിവൽ വഴി തുറക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റിയുടെയും സാൻബെല്ല എഡ്യുടെക്കിന്റെയും സംയുക്ത സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളുടെ പ്രദർശനവും അവയെ ആസ്പദമാക്കിയുള്ള അക്കാദമിക ചർച്ചകളുമാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ കുട്ടികൾക്കുള്ള മെക്സിക്കൻ ചലച്ചിത്രം ലിറ്റിൽ ബോയ് ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് ജനപ്രിയ കൊറിയൻ ചിത്രമായ ദി പൗൺ, അമേരിക്കൻ പരിസ്ഥിതി ചിത്രമായ ഡേ ആഫ്റ്റർ ടുമോറോ എന്നിവയും പ്രദർശിപ്പിച്ചു. സിനിമ – മാധ്യമ വിദ്യാർത്ഥികൾക്കും, ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും , പരിസ്ഥിതി- സാമൂഹിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ ആവുന്ന വിധം ക്രമീകരിച്ചിരിക്കുന്ന വിവിധ സിനിമ പ്രദർശനങ്ങളും ചർച്ചകളും ഉഴവൂരിലെയും പരിസരപ്രദേശങ്ങളിലെയും സിനിമാസ്നേഹികൾക്ക് നൂതനമായ അനുഭവമായി മാറി.












