ഹ്യൂസ്റ്റന്‍: മിസോറി സിറ്റിയുടെ മേയറായി മൂന്നാംവട്ടവും മലയാളിയായ റോബിൻ ജെ. ഇലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ജെഫ്രി ബോണിയെയാണ് തറപറ്റിച്ചത്. റോബിന് 55 ശതമാനം വോട്ട് ലഭിച്ചു. ബോണിക്ക് 45 ശതമാനവും. മേയര്‍ സ്ഥാനത്തേയ്ക്ക് വീണ്ടും പോരാട്ടം നടത്തിയ റോബിന്‍ ജെ ഇലക്കാട്ട് മുന്നോട്ടുവച്ചത് മിസോറി സിറ്റിയുടെ വികസന തുടര്‍ച്ചയാണ്. കൗണ്‍സിലില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നിലവിലെ മേയര്‍ കൂടിയായ റോബിന്റെ വിജയം മിസോറി സിറ്റിയുടെ വികസന പദ്ധതികളില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുസുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഭരണ തുടര്‍ച്ച വേണമെന്ന പ്രചാരണം അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.. 22 ശതമാനം ഏഷ്യന്‍ അമേരിക്കക്കാര്‍ താമസിക്കുന്ന കൗണ്ടിയില്‍ ഏറെയും ഇന്ത്യന്‍ അമേരിക്കക്കാരാണ്. എല്ലാ മേഖലയിലുമുള്ളവരുമായുള്ള മികവാര്‍ത്ത ബന്ധമാണ് റോബിനുണ്ടായിരുന്നത്. ഇത്തവണ വലിയ പോളിങ് ശതമാനമായിരുന്നു മിസോറി സിറ്റിയിൽ.
കോട്ടയം ജില്ലയിലെ കുറുമുളളൂര്‍ ഗ്രാമത്തിൽ ജനിച്ച റോബിൻ കഴിഞ്ഞ 43 വർഷമായി യുഎസിലാണ് താമസിക്കുന്നത്. മിസൂറി സിറ്റി മേയർ ആകുന്നതിനു മുമ്പ് 2009 മുതൽ 2015 വരെ അദ്ദേഹം നഗരത്തിലെ ഡിസ്ട്രിക്ട് കൗൺസിൽ അംഗമായിരുന്നു. 1992 മുതൽ 1994 വരെ അദ്ദേഹം ചിക്കാഗോ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (കെസിവൈഎൽ) പ്രസിഡന്റായിരുന്നു. ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിവൈഎൽഎൻഎ) ആദ്യ പ്രസിഡന്റുമായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ടീനയാണ് ഭാര്യ. ലിയ, കാറ്റലിൻ എന്നീ രണ്ട് പെൺമക്കളുണ്ട്. റോബിൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് മാതാപിതാക്കളായ ഫിലിപ്പിനും ഏലിയാമ്മക്കും ഒപ്പം യുഎസിലേക്ക് കുടിയേറിയത്.











